കാശി/ബനാറസ്
കാശി വിശ്വനാഥ ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശിബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्वनाथ मंदिर). ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി. ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു.
കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്